ജില്ലയിൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യത കൂടുതലാണ്. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈഡേ നിർബന്ധമായും ആചരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ജില്ലയിൽ കൊതുകിന്റെ സാന്ദ്രത കൂടിയ സ്ഥലങ്ങൾ
- വട്ടിയൂർക്കാവ്
- നേമം
- ചെട്ടിവിളാകം
- പാങ്ങപ്പാറ
- വേളി
- വെള്ളറട
- മുട്ടട
- തൃക്കണ്ണാപുരം
- നന്തൻകോട്
- കുന്നത്തുകാൽ
- പുല്ലുവിള
- കരകുളം
- ആറ്റുകാൽ
- കോട്ടുകാൽ
- കല്ലറ
- ബാലരാമപുരം
- രാജാജി നഗർ
- ഫോർട്ട്
- തോന്നയ്ക്കൽ
- പുത്തൻതോപ്പ്
- പൂന്തുറ
ഈ പ്രദേശങ്ങളിലുള്ളവർ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മുൻകരുതലുകൾ
സ്ഥാപനങ്ങളുടെയും വീടുകളുടെയും ടെറസ്,റൂഫിന്റെ പാത്തി, ഓവർ ഹെഡ് ടാങ്കുകൾ എന്നിവിടങ്ങളിൽ ധാരാളം കൂത്താടികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ നൽകണം. കൊതുകുകടി ഏൽക്കാതിരിക്കാൻ സ്വയം സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചുവേണം ഉറവിട നശീകരണത്തിൽ ഏർപ്പെടാൻ. ശരീരമാസകലം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുകയും, ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുകയും വേണം.
ശക്തമായ പനി തലവേദന, ശരീരവേദന,ശരീരത്തിൽ തിണർപ്പുകൾ, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ,ഉടനടി ആശുപത്രിയിൽ ചികിത്സ തേടണം
ശ്രദ്ധിക്കേണ്ട ഇടങ്ങൾ-:വീടിന് അകത്ത്
*ഫ്രിഡ്ജിന്റെ പുറകിലെ ട്രേ
*ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ
*വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ
*ഉപയോഗിക്കാത്ത ക്ലോസെറ്റ്
*മുഷിഞ്ഞ വസ്ത്രങ്ങൾ
വീടിന് പുറത്ത്
*ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല്, ഉരൽ, ക്ലോസറ്റുകൾ, വാഷ്‌ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടരുത്. ഇവ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കണം.
*ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം.
*വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടി സൂക്ഷിക്കണം







